പഞ്ചായത്തിലൂടെ
5-06 നിര്‍മ്മല്‍ ഗ്രാമപുരസ്ക്കാരവും, പാലക്കാട് ജില്ലയിലെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാര്‍ഡുകളും തുടര്‍ച്ചയായി നേടിയ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് 1935 മാര്‍ച്ച് പതിനഞ്ചിനാണ് രൂപീകൃതമാവുന്നത്. 20.46 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിനെ തെക്കുഭാഗത്ത് പരുതൂര്‍, മുതുതല പഞ്ചായത്തുകളും, വടക്കും പടിഞ്ഞാറും ഭാഗത്ത് തൂതപ്പുഴയും, കിഴക്കുഭാഗത്ത് കൊപ്പം പഞ്ചായത്തും അതിരിടുന്നു. ഇവിടുത്തെ ആകെ ജനസംഖ്യ 31,905 ആണ്. ഇതിലെ സ്ത്രീ പുരുഷാനുപാതം ഏകദേശം തുല്യമാണ്. 97 ശതമാനമാണ് ഇവിടുത്തെ സാക്ഷരത. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന ഈ പഞ്ചായത്തിലെ കാര്‍ഷിക വിളകള്‍ തെങ്ങ്, വാഴ, നെല്ല്, പച്ചക്കറികള്‍, കമുക്, മരച്ചീനി, റബ്ബര്‍ എന്നിവയാണ്. തൂതപ്പുഴയും കുളങ്ങളുമാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സുകള്‍. 4 കുളങ്ങള്‍ പഞ്ചായത്തിലുണ്ട്. 9 പൊതുകിണറുകളും, 874 പൊതുകുടിവെള്ള ടാപ്പുകളും പ്രധാന കുടിവെള്ള സ്രോതസ്സുകളാണ്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 359 തെരുവുവിളക്കുള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത് രാത്രികാല സഞ്ചാരം സുഗമമാക്കുന്നു. ഭ്രാന്തന്‍കല്ലും, രായിരനെല്ലൂര്‍ മലയുമാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഇവിടുത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കോഴിക്കോട് വിമാനത്താവളത്തെയാണ് വ്യോമയാത്രകള്‍ക്കായി ഇവിടുത്തെ ജനങ്ങള്‍ കൂടുതലായും ആശ്രയിക്കുന്നത്. പട്ടാമ്പി റെയില്‍വേ സ്റ്റേഷന്‍ പഞ്ചായത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ റെയില്‍വേയാത്രകള്‍ക്കായി ഈ സ്റ്റേഷനെയാണ് പഞ്ചായത്ത് നിവാസികള്‍ സാധാരണയായി ആശ്രയിക്കാറുള്ളത്. കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള തുറമുഖം. വളാഞ്ചരി ബസ് സ്റ്റാന്റ്, പട്ടാമ്പി ബസ് സ്റ്റാന്റ് എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും റോഡുഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. ഗതാഗതയോഗ്യമായ നിരവധി റോഡുകളും പഞ്ചായത്തിലുണ്ട്. കൊപ്പം-വളാഞ്ചരി റോഡ് ഇതിനൊരുദാഹരണമാണ്. തൂതപ്പുഴ പാലം ഇവിടുള്ള പ്രധാന പാലമാണ്. കാര്‍ഷിക ഗ്രാമമായതിനാല്‍ എടുത്തുപറയത്തക്ക വന്‍കിട-ചെറുകിട-ഇടത്തര വ്യവസായങ്ങളൊന്നും തന്ന പഞ്ചായത്തിലില്ലെങ്കിലും മണ്‍പാത്രനിര്‍മ്മാണം, കൊട്ട നിര്‍മ്മാണം തുടങ്ങിയ പരമ്പരാഗത കുടില്‍ വ്യവസായങ്ങള്‍ പഞ്ചായത്തിലിന്നും നിലനില്‍ക്കുന്നു.പൊതുവിതരണരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. 10 റേഷന്‍ കടകളും ഒരു മാവേലി സ്റ്റോറുമാണ് ഇവിടുത്തെ പൊതുവിതരണക്കാര്‍. മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ കാണാം. രായിരനെല്ലൂര്‍ മല, തിരുവേഗപ്പുറ മഹാദേവക്ഷേത്രം, പള്ളിപ്പുറം ജുമാമസ്ജിദ്, മാഞ്ഞാമ്പ്രാ ജുമാമസ്ജിദ് എന്നിവയുള്‍പ്പെടെ 14 ആരാധനാലയങ്ങള്‍ തിരുവേഗപ്പുറ പഞ്ചായത്തിലുണ്ട്. തുലാം മാസം ഒന്ന് രായിരനെല്ലൂര്‍ മലകയറ്റം, ശിവരാത്രി ആഘോഷം, ആറാട്ട്, ആണ്ട്നേര്‍ച്ച എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങള്‍. എല്ലാ ഉത്സവങ്ങളും പഞ്ചായത്ത് നിവാസികള്‍ ജാതിമതഭേദമന്യേ പങ്കെടുക്കാറുണ്ട്. നിരവധി പ്രമുഖരെ വാര്‍ത്തെടുക്കാന്‍ ഈ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. മജീഷ്യന്‍ പ്രൊഫ. വാഴക്കുന്ന്, സാഹിത്യരംഗത്തെ പ്രമുഖരായ കുഞ്ഞുണ്ണി നമ്പീശന്‍, കെ.എസ്.എഴുത്തച്ഛന്‍, പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ചുക്കാന്‍ പിടിച്ച മുന്‍ പ്രസിഡന്റ് രാഘവന്‍ നായര്‍ എന്നിവരുടെ ചരിത്രം പഞ്ചായത്തിന്റെ സാംസ്കാരിക ചരിത്രത്തോടൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതാണ്. 15 വര്‍ഷം പ്രസിഡന്റായിരുന്ന പി.റ്റി. കുഞ്ഞുമുഹമ്മദ് ഹാജിയും പഞ്ചായത്തിലെ എടുത്തുപറയേണ്ട വ്യക്തിത്വമാണ്. തിരുവേഗപ്പുറ നിവാസികളുടെ വായനശീലം വര്‍ദ്ധിപ്പിക്കുന്നതിനും, നാടിന്റെ സാംസ്കാരിക ഉന്നമനത്തിനുംവേണ്ടി തിരുവേഗപ്പുറ, വെളുത്തൂര്‍, ചെമ്പ്ര, നടുവട്ടം എന്നിവിടങ്ങളില്‍ വായനശാലകള്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യപരിപാലരംഗത്ത് മികച്ച സേവനമനുഷ്ഠിക്കുന്ന ആശുപത്രികള്‍ പഞ്ചായത്തിലുണ്ട്. എം.എസ്. ഹോസ്പിറ്റല്‍, ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി എന്നിവ യഥാക്രമം അലോപ്പതി, ആയുര്‍വേദ ചികിത്സകള്‍ ലഭ്യമാക്കുന്നു. പ്രാഥമിക ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററും പഞ്ചായത്തിലുണ്ട്. ഇവയുടെ ഉപകേന്ദ്രങ്ങള്‍ ചെമ്പ്ര, തെക്കുംമല, നെടുങ്ങോട്ടൂര്‍, വിളത്തൂര്‍, കൈപ്പുറം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണത്തിനായി ഒരു വെറ്റിനറി ആശുപത്രി തിരുവേഗപ്പുറത്തും സേവനമനുഷ്ഠിക്കുന്നു. ഇതിന്റെ ഉപകേന്ദ്രം വിളത്തൂരിലാണ്. തൊണ്ണൂറ്റിയേഴ് ശതമാനം സാക്ഷരതയുളള ഈ പഞ്ചായത്തിന്റെ വിദ്യാഭ്യാസനിലവാരവും മെച്ചപ്പെട്ടതാണ്. സര്‍ക്കാര്‍-സര്‍ക്കാരേതര 13 സ്കൂളുകള്‍ പഞ്ചായത്തിലിന്ന് പ്രവര്‍ത്തിക്കുന്നു. ഗവ.ജെ.എച്ച്.എസ്. നടുവട്ടം, ഗവ.ജെ.എച്ച്.എസ്.എസ് നടുവട്ടം, ഗവ.യു.പി.എസ് നരിപ്പറമ്പ് എന്നിവയാണ് ഇവിടുത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തില്‍ കാണാം. തിരുവേഗപ്പുറത്ത് സ്ഥിതി ചെയ്യുന്ന കാനറാബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ ശാഖകളും തിരുവേഗപ്പുറത്തും നടുവട്ടത്തും പ്രവര്‍ത്തിക്കുന്ന കൊപ്പം സര്‍വ്വീസ് സഹകരണ ബാങ്കുകളും മറ്റ് സ്വകാര്യ ബാങ്കുകളും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ സാമ്പത്തിക മേഖല. കല്യാണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി 2 കമ്മ്യൂണിറ്റി ഹാളുകളും പഞ്ചായത്തിലുണ്ട്. അതില്‍ ഒരെണ്ണം പഞ്ചായത്തിന്റേതു തന്നെയാണ്. മറ്റേത് ഇ.എം.എസ്. സഹകരണബാങ്ക് ഓഡിറ്റോറിയമാണ്. തിരുവേഗപ്പുറത്ത് വൈദ്യുത ബോര്‍ഡ് ഓഫീസും, വില്ലേജ് ഓഫീസും, ടെലിഫോണ്‍ എക്സ്ചേഞ്ചും സ്ഥിതി ചെയ്യുന്നു. കൃഷിഭവന്‍ കൈപ്പുറത്താണ് നിലകൊള്ളുന്നത്. ഇതുകൂടാതെ ആറ് തപാല്‍ ഓഫീസുകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കി 106 കുടുംബശ്രീ യൂണിറ്റുകളും, പഞ്ചായത്ത് നിവാസികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കി 2 അക്ഷയ കേന്ദ്രങ്ങളും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
No comments:
Post a Comment