തിരുവേഗപ്പുറ
വൈവിധ്യമാര്‍ന്ന ഭൂചാരുതയാല്‍ അനുഗ്രഹീതയാണ് പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് അതിര്‍ത്തിയിലെ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്. ഭാരതപ്പുഴയുടെ വടക്കേക്കരയിലെ പത്ത് വള്ളുവനാടന്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടതാണ് പട്ടാമ്പി. ഒട്ടേറെ കാര്‍ഷിക അനുബന്ധ നാടന്‍കലകളുടെ നാടായിരുന്നു വള്ളുവനാട്. സംസ്കൃത ഭാഷാപണ്ഡിതരായ ഭട്ടനമ്പികളുടെ കേന്ദ്രം എന്ന നിലയ്ക്കാണ് ഈ സ്ഥലം പട്ടാമ്പിയായത് എന്ന് പറയപ്പെടുന്നു. പാലക്കാട് ജില്ലയുടെ വടക്കു പടിഞ്ഞാറെ അറ്റത്ത് ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും ഇടയിലുള്ള പ്രദേശമാണ് തിരുവേഗപ്പുറ. സമുദ്രനിരപ്പില്‍ നിന്നും 180 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തിരുവേഗപ്പുറ കേരളത്തിലെ 13 കാര്‍ഷിക കാലാവസ്ഥാ മേഖലകളില്‍ സെന്‍ട്രല്‍ മിഡ്ലാന്റ് സോണില്‍പ്പെടുന്ന പ്രദേശമാണ്. ഈ പ്രദേശത്ത് നെല്ല്, കവുങ്ങ്, വാഴ, സുഗന്ധവിളകള്‍, പഴവര്‍ഗ്ഗങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി മുതലായവ കൃഷി ചെയ്തുവരുന്നു. പ്രശസ്തിയാര്‍ജ്ജിച്ച കേന്ദ്രഫലവൃക്ഷതൈ തോട്ടത്തിന്റെയും മണ്ണു പരിശോധനാ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനകേന്ദ്രം തിരുവേഗപ്പുറ പഞ്ചായത്തിനു സമീപമുള്ള പട്ടാമ്പിയില്‍ ആണ്. ഭാരതപ്പുഴയുടെയും കുന്തിപ്പുഴയുടേയും ഇടയില്‍ കിടക്കുന്ന ഈ നദീതട പ്രദേശത്തിന് പുരാതനവും സമ്പന്നവുമായ ഒരു സാംസ്ക്കാരിക പാരമ്പര്യമാണുള്ളത്. ശുദ്ധമായ മലയാളഭാഷ സംസാരിക്കുന്ന ഈ മധ്യകേരളദേശം ഉയര്‍ന്ന മലനിരകളാലും താഴ്വരകളാലും കൊച്ചരുവികളാലും അവയ്ക്കിടയിലെ പാടശേഖരങ്ങളാലും മനോഹരമാണ്. ഇവിടുത്തെ സംസ്കാരം കാര്‍ഷിക ഉല്‍പ്പാദനരംഗവുമായി ബന്ധപ്പെട്ട് വളര്‍ന്ന് വികസിച്ചതാണ്. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി, ബാലകൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയ ഒട്ടനവധി സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍ പ്രവര്‍ത്തനരംഗത്തു വന്ന് പ്രമുഖ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് വഴികാട്ടികളായിത്തീര്‍ന്നു. വിദ്യാഭ്യാസരംഗത്തും, സാഹിത്യരംഗത്തുമാകട്ടെ പുന്നശ്ശേരി നീലകണ്ഠശര്‍മ്മ ജാതിമതഭേദമെന്യേ അധ:സ്ഥിതരായവര്‍ക്ക് സംസ്കൃതം പഠിപ്പിക്കാന്‍ തുടങ്ങിയ കലാശാലയാണ് ഇന്നത്തെ ഗവണ്‍മെന്റ് സംസ്കൃത കോളേജ് ആയിത്തീര്‍ന്നത്. പ്രശസ്ത സാഹിത്യകാരന്‍മാരായ “കുന്ദലത”യുടെ കര്‍ത്താവ് അപ്പുനെടുങ്ങാടി, കെ.പി.നാരായണപിഷാരടി, സി.പി.അച്ച്യുതപിഷാരടി, ചെമ്പ്ര എഴുത്തച്ഛന്‍, കെ.ദാമോദരന്‍ ഇന്ത്യയുടെ ആത്മാവിന് ഹിന്ദി വിവര്‍ത്തനം എഴുതിയ സി.ആര്‍.നാണപ്പ, കുറുവാന്തൊടി എഴുത്തച്ഛന്‍, അറബിസാഹിത്യരംഗത്തെ മാമുണ്ണി മൊല്ല, മുഹമ്മദ് മൌലവി, പുലക്കാട്ട് രവീന്ദ്രന്‍ ഉണ്ണികൃഷ്ണന്‍, എഴുന്തല പി.ആര്‍.നാഥന്‍, സുപ്രീം കോടതിയിലെ ആദ്യമലയാളി ന്യായാധിപന്‍ പറക്കുളം ഗോവിന്ദമേനോന്‍ (പരുതൂര്‍) തുടങ്ങിയവരെല്ലാം ഈ നാടിന്റെ അഭിമാനങ്ങളാണ്
No comments:
Post a Comment