Latest News

  

വിജ്ഞാനകേന്ദ്രം എന്ന പദവി പാരമ്പര്യമായി പട്ടാമ്പി എന്ന സ്ഥലം വഹിച്ചുപോരുന്നുണ്ട്്. സംസ്കൃതപണ്ഡിതനായിരുന്ന പുന്നശ്ശേരി നീലകണ്ഠശര്‍മ്മ 1888-ല്‍ സ്ഥാപിച്ച സാരസ്വതദ്യോതിനി എന്ന സംസ്കൃത പാഠശാലയാണ് 1911-ല്‍ സംസ്കൃതകോളേജായി വികസിച്ചത്. തിരുവേഗപ്പുറ പഞ്ചായത്തിനും ഈ സൌകര്യം വളരെ പ്രയോജനപ്പെട്ട വിദ്യാഭ്യാസ വേദിയാണ്. വി.ടി.പ്രേംജി, തടം, എം.ആര്‍.ബി., പള്ളം, ആര്യപള്ളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിധവാ വിവാഹം, മിശ്രഭോജനം, മിശ്രവിവാഹം തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത് ഇവിടെയാണ്. കാര്‍ഷിക പ്രധാനമായ ഒരു പ്രദേശമാണ് തിരുവേഗപ്പുറ. നെല്ല്, തെങ്ങ്, വാഴ, കവുങ്ങ്, റബ്ബര്‍ മുതലായവയാണ് മുഖ്യവിളകള്‍. കാലടിക്കുന്ന്-ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, കരോളിച്ചിറ, തള്ളച്ചിറ, ചെമ്പ്രതോടില്‍-ചാളക്കാട് എന്ന സ്ഥലത്തുള്ള കോസ് ബാര്‍, ചെമ്പ്രയിലുള്ള ചാച്ചിറക്കുളം എന്നിവ പ്രധാന പദ്ധതികളാണ്. മറ്റു സമീപപഞ്ചായത്തുകളെപ്പോലെ തിരുവേഗപ്പുറ പഞ്ചായത്തും വ്യവസായവത്കരണത്തിന്റെ കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്നു. ഏതാനും ഗാര്‍മെന്റ് യൂണിറ്റുകളും ഫര്‍ണിച്ചര്‍ യൂണിറ്റുകളും ഫ്ളോര്‍മില്ലുകളും തടിമില്ലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭ്രാന്ത് ചികിത്സ, ആയുര്‍വേദ വൈദ്യം, ബാലചികിത്സ എന്നീരംഗങ്ങളില്‍ പേരുകേട്ടവരും പൊതുകാര്യപ്രസക്തരുമായിരുന്ന ചെമ്പ്രഎഴുത്തച്ഛന്‍മാരായിരുന്നു ആദ്യമായി പള്ളിക്കൂടത്തിനു തുടക്കമിട്ടത്. ചെമ്പ്രയില്‍ 1906-ല്‍ കോര്‍ണേഷല്‍ എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ വിദ്യാലയം ആരംഭിച്ചു. അതിനടുത്തകാലത്തുതന്നെയാണ് നടുവട്ടത്ത് കുറുവാന്തൊടി എഴുത്തച്ഛന്‍ രായിരനെല്ലൂര്‍ ഹിന്ദു ലോവര്‍ എലിമെന്ററി സ്കൂള്‍ തുടങ്ങിയത്. മുസ്ലീം മൊല്ലമാരുടെ നേതൃത്വത്തിലുണ്ടായ ഓത്തുപള്ളിക്കൂടങ്ങളും ഒട്ടേറെ സംഭാവനകള്‍ നല്‍കി. ഹൈസ്കൂള്‍ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങളും സ്വാതന്ത്യ്രലബ്ധിക്കുമുമ്പുതന്നെ സ്ഥാപിച്ചതാണ്. പൊന്നാനി-പാലക്കാട്, പട്ടാമ്പി-പെരിന്തല്‍മണ്ണ, പട്ടാമ്പി-വളാഞ്ചരി, പട്ടാമ്പി-കോഴിക്കോട് എന്നീ റോഡുകള്‍ പഞ്ചായത്തിന്റെ ഗതാഗതമേഖലയെ പുഷ്ടിപ്പെടുത്തുന്നു. കേരളത്തിലെ പ്രധാനനദിയായ ഭാരതപ്പുഴ പഞ്ചായത്തിന്റെ സമീപത്തുകൂടി ഒഴുകുന്നു. ഷൊര്‍ണ്ണൂര്‍-മംഗലാപുരം, ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ എന്നീ റെയില്‍പാതകള്‍ പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു. വള്ളുവനാടിന്റെ തനതു ആഘോഷമായ വേലകളും പൂരങ്ങളും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളെക്കൊണ്ട് നിറപ്പകിട്ടാര്‍ന്നതാണ്. മുളയം കാവിലെ കാളവേലയും, മറ്റുഭഗവതിക്കാവുകളിലെ വേലകളും, തൈപ്പൂയ മഹോത്സവങ്ങളും, പട്ടാമ്പി നേര്‍ച്ചയും, മറ്റു നേര്‍ച്ചകളും, ആണ്ടറുതികളിലെ ഉത്സവങ്ങളും തികച്ചും ഗ്രാമീണ സംസ്കാരത്തിന്റെ പ്രതിഫലനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മിക്ക ആഘോഷങ്ങള്‍ക്കും കൊഴുപ്പുകൂട്ടിക്കൊണ്ട് ചവിട്ടുകളിത്തിറ, പൂതന്‍, കാളയുടെ കോലം കെട്ടി എഴുന്നള്ളിക്കല്‍, തായമ്പക, പഞ്ചവാദ്യം, ബാന്റ്് വാദ്യം, തകില്‍, നാദസ്വരം, ആനഎഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഉണ്ടാകാറുണ്ട്. ചവിട്ടുകളി, പുള്ളുവന്‍പാട്ട്, കളമെഴുത്തും കളം പാട്ടും, നാഗപ്പാട്ട്, വേട്ടക്കൊരുമകന്‍ പാട്ട്, ഭഗവതിപ്പാട്ട്, കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, അയ്യപ്പന്‍പാട്ട്, കോല്‍കളി, ദഫ്മുട്ട്, അറവനമുട്ട്, പരിചമുട്ട് കളി എന്നിവ ഇവിടെ എപ്പോഴും ചൈതന്യത്തോടെ അവതരിപ്പിക്കപ്പെടുന്നു. കേരളത്തിലെ വലിയ കൂത്തമ്പലങ്ങളില്‍ ഒന്നാണ് പ്രസിദ്ധമായ തിരുവേഗപ്പുറക്ഷേത്രം. ചോലക്കാവ്, വൊടക്കാവ്, നടവര്‍ക്കുന്ന്, അരിതൊടി(മുതുതല) എന്നിവ പ്രധാന കോളനികളാണ്.

No comments:

Post a Comment

KAIPURAM Designed by Templateism Copyright © 2014

Theme images by Bim. Powered by Blogger.